ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികളെ വന്ധ്യംകരിക്കാൻ നിയമവുമായി തായ്‌ലാൻഡ്

0
147

ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി തായ്‌ലാൻഡ്. ലൈംഗിക പീഡന കേസുകളിലെ പ്രതികൾക്ക് മരുന്ന് നൽകി, ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമമാണ് തായ്‌ലാൻഡ് പാസാക്കാനൊരുങ്ങുന്നത്. നിലവിൽ ഇത്തരം കുറ്റവാളികൾക്ക് നൽകുന്ന ജയിൽ ശിക്ഷ അപര്യാപ്തമാണെന്നും, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ കർക്കശമായ ശിക്ഷകൾ വേണമെന്നുമുള്ള അഭിപ്രായം പാർലമെന്‍റിൽ ഉയർന്നിരുന്നു. ഇതോടെയാണ് മരുന്ന് ഉപയോഗിച്ച് ലൈംഗികശേഷി ഇല്ലാതാക്കുന്ന ശിക്ഷ നടപ്പാക്കാൻ തായ്‌ലാൻഡ് ഒരുങ്ങുന്നത്.

മാർച്ചിൽ അധോസഭ പാസാക്കിയ ബില്ലിന് തിങ്കളാഴ്ച വൈകി 145 സെനറ്റർമാരുടെ അംഗീകാരം ലഭിച്ചു, രണ്ട് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഉപരിസഭയുടെ അംഗീകാരവും തുടർന്ന് രാജാവിന്‍റെ അംഗീകാരവും ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. 2013 നും 2020 നും ഇടയിൽ തായ് ജയിലുകളിൽ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളിൽ 4,848 പേർ വീണ്ടും അതേ കുറ്റം ചെയ്തതായി സർക്കാർ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയതായി കൊണ്ടുവരന്ന ബില്ലിന് കീഴിൽ, വീണ്ടും കുറ്റം ചെയ്യുന്നതായി കരുതപ്പെടുന്ന ലൈംഗിക കുറ്റവാളികൾക്ക് അവരുടെ പുരുഷ ഹോർമോൺ (ടെസ്റ്റോസ്റ്റിറോൺ) അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകൾ സ്വീകരിക്കാനുള്ള ഓപ്ഷൻ നൽകുകയാണ് ചെയ്യുന്നത്. കുറ്റവാളികൾ പത്തു വർഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റുകൾ ധരിക്കുകയും ഈ സമയം അവരെ അധികൃതർ നിരീക്ഷിക്കുകയും ചെയ്യണമെന്ന് ബില്ലിൽ പറയുന്നു.

നിയമം അംഗീകരിക്കപ്പെട്ടാൽ, പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ തായ്‌ലാൻഡ് ഇടംനേടും. “ഈ നിയമം വേഗത്തിൽ പാസാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” നീതിന്യായ മന്ത്രി സോംസാക് തെപ്‌സുതിൻ ചൊവ്വാഴ്ച പറഞ്ഞു. “സ്ത്രീകൾക്ക് സംഭവിക്കുന്ന മോശമായ കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
മരുന്ന് ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാതാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യില്ലെന്ന് ലൈംഗിക അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാരിതര സംഘടനയായ വിമൻ ആൻഡ് മെൻ പ്രോഗ്രസീവ് മൂവ്‌മെന്റ് ഫൗണ്ടേഷന്റെ ഡയറക്ടർ ജാദേദ് ചൗവിലായി പറഞ്ഞു. “ജയിലിൽ കഴിയുമ്പോൾ അവരുടെ ചിന്താഗതി മാറ്റി പ്രതികളെ പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടത്,” അദ്ദേഹം പറഞ്ഞു. “വധശിക്ഷ അല്ലെങ്കിൽ കുത്തിവപ്പ് ഉപയോഗിച്ച് വന്ധ്യംകരിക്കൽ പോലുള്ള ശിക്ഷകൾ ഉപയോഗിക്കുന്നത് കുറ്റവാളിയെ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്ന ആശയം ശക്തിപ്പെടുത്തുന്നു.”- അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here