ശ്രീലേഖയുടെ പരാമർശം അനുചിതമെന്ന് വനിതാ കമ്മിഷന്‍; പൊലീസ് അന്വേഷിക്കണം

0
196

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആർ ശ്രീലേഖ നടത്തിയ പരാമർശങ്ങൾ ഉചിതമല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. വിരമിക്കലിനു ശേഷമുള്ള പ്രതികരണം ദുരൂഹമാണ്. ഇക്കാര്യം പോലീസ് അന്വേഷിക്കണം. ഉന്നത പദവികൾ വഹിച്ചവർക്ക് ഇത്തരം വെളിപ്പെടുത്തലുകൾ നല്ലതല്ലെന്നും അവർ പറഞ്ഞു.

“അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത്തരം വെളിപ്പെടുത്തലുകൾ ആരെ സഹായിക്കുമെന്ന് ശ്രീലേഖ ചിന്തിക്കട്ടെ,” സതിദേവി കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ അറിഞ്ഞോ അറിയാതെയോ ദിലീപ് പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമാണ് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ. സ്വകാര്യ യുട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. സംഭവം വിവാദമായതോടെ യുട്യൂബ് വീഡിയോ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.