ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലയിൽ ആർ.എസ്.എസിന്റെ നിഗൂഢ കേന്ദ്രമാണ് കൊലപാതകം നടന്ന പ്രതാപ്‌നഗർ അടങ്ങുന്ന പ്രദേശം. കർണാടക, കാസർകോട്, കണ്ണൂർ മേഖലകളിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്നവർക്ക് ആർ.എസ്.എസ്. ഒളിത്താവളമൊരുക്കുന്നത് ഈ പ്രദേശത്താണ്.
ബി.ജെ.പി.യുടെ കർണാടക കേരള സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളിന്റെ വീട്ടിൽ ഒരു ആഘോഷത്തിന്റെ മറവിലാണ് സിദ്ദിഖിനെ വധിക്കാൻ ഗൂഢാലോചന നടന്നത്. ഇയാളുടെ ബന്ധുവാണ് കേസിലെ ഒന്നാം പ്രതി അശ്വിത്. പരിശീലനം നേടിയവരാണ് പ്രതികൾ. ഈ മേഖലയിലെ സാമൂഹികവിരുദ്ധ പ്രവർത്തനവും വർഗീയതയും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചെറുത്തതാണ് സിദ്ദിഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷംസീർ കുറ്റപ്പെടുത്തി.