ഇടുക്കി (www.mediavisionnews.in):ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. 2401 അടിയാണ് നിലവിലെ ജലനിരപ്പ്.
ചാനല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളവും പുറത്തേക്ക് പോകുന്ന വെള്ളവും തമ്മില്‍ ഏതാണ്ട് രണ്ട് ലക്ഷം ലിറ്ററിന്റെ അന്തരമുണ്ടെന്നാണ്. ഇപ്പോള്‍ തുറന്നു വെച്ചിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയാലെ ഈ അന്തരം നീക്കാന്‍ സാധിക്കു എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നിലവില്‍ മൂന്ന് ഷട്ടറുകളില്‍നിന്നായി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ഏതാണ്ട് 1.16 ലക്ഷം ലിറ്റര്‍ വെള്ളമാണ്.
ഇന്ന് രാവിലെ ഡാം സേഫ്റ്റി അഥോറിറ്റി അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന നിഗമനത്തില്‍ എത്തിയത്. ഏതാണ്ട് 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ വെള്ളം ഒഴുകി പോകുന്ന ഇടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി ടൗണില്‍ ചെറിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി പാലത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്‍ഡും മറ്റും ഒഴിപ്പിച്ചു. കടകള്‍ അടപ്പിക്കുകയും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു.
വെള്ളം ഒഴുകി പോകേണ്ട സ്ഥലങ്ങളില്‍ തടസ്സമായി നിലനില്‍ക്കുന്ന മരങ്ങളും മറ്റും പൊലീസും ദ്രുതകര്‍മ്മ സേനയും ചേര്‍ന്ന് മുറിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണാല്‍ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് മരങ്ങള്‍ മുറിച്ച് മാറ്റിയിരിക്കുന്നത്.
പെരിയാറിലും മറ്റും ജലനിരപ്പ് ഇപ്പോള്‍ ക്രമാധീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആലുവയിലും മറ്റും വെള്ളപ്പൊക്കം അതിരൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ