യുഎഇയിലെ ഇന്നും ചില സ്ഥലങ്ങളിൽ മഴ

0
141

ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴ പെയ്തു. ആകാശം പലയിടത്തും മേഘാവൃതമാണ്. താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. മസാഫിയിലും കൽബയിലും മഴ പെയ്തതായും റിപ്പോർട്ടുകളുണ്ട്. കൽബയിലെ ഒരു റോഡിൽ കുളങ്ങളും ചെറിയ നീരുറവകളും പ്രത്യക്ഷപ്പെടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യു.എ.ഇ.യുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് അൽ ഐൻ, റാസൽ ഖൈമ എന്നിവയുൾപ്പെടെ യു.എ.ഇയുടെ പല ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച മുതൽ താപനില ക്രമാതീതമായി ഉയരും. വേനൽക്കാലത്ത് ആഴ്ചയിൽ മൂന്ന് ദിവസം വരെ യുഎഇയിൽ മഴ ലഭിക്കുമെന്ന് എൻസിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദ്ദം അനുഭവപ്പെടുന്നതിനാൽ രാജ്യത്ത് വേനൽമഴ അസാധാരണമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കൂടാതെ, മഴ വർദ്ധിപ്പിക്കാൻ രാജ്യം ക്ലൗഡ് സീഡിംഗും ഉപയോഗിക്കുന്നു.