സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
108

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും, 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റുകളെ ശക്തമാക്കുന്നത്. കടുത്ത കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

11-07-2022 ന് രാത്രി 11.30 വരെ കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് പറയുന്നു.