എകെജി സെന്റർ ആക്രമണത്തിൽ പുതുവഴി തേടി പൊലീസ്

0
127

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്താൻ പുതിയ നീക്കവുമായി അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കാനാണ് നീക്കം. ആക്രമണത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണ്. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ നീക്കം. പോസ്റ്റ് ചെയ്ത മൊബൈൽ എകെജി സെന്‍ററിന്‍റെ പരിസരത്താണെങ്കിൽ ചോദ്യം ചെയ്യും.

സംഭവം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിന്‍റെ ക്ഷീണത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ സർക്കാരിന് തിടുക്കമില്ല. അന്വേഷണത്തിന് സമയമെടുത്താലും യഥാർഥ പ്രതികളെ പിടികൂടണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. സ്ഫോടക വസ്തുക്കൾ എറിഞ്ഞത് കോൺഗ്രസ് പ്രവർത്തകനാണെന്ന് ആദ്യം ആരോപിച്ച സിപിഎം നേതാക്കൾ പിന്നീട് മൊഴികൾ മയപ്പെടുത്തി. എകെജി സെന്‍ററിന്‍റെ താഴത്തെ ഗേറ്റിലെ തൂണിന് നേരെയാണ് വസ്തു എറിഞ്ഞത്.

2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പൊലീസ് സംവിധാനങ്ങളും ഉപയോഗിച്ചാണ് അന്വേഷണം നടക്കുന്നത്. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സ്കൂട്ടറിന്‍റെ നമ്പർ പോലും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സോഫ്റ്റ്‌വെയറിലൂടെ ഈ ദൃശ്യം വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പൊലീസ് ആരംഭിച്ചു. നൂറിലധികം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.