രോഗഭീഷണി ഉയർത്തി ആദായ ടാറ്റൂ; ഉത്തരേന്ത്യൻ സംഘങ്ങൾ കേരളത്തിൽ

0
134

തൃശ്ശൂർ: തുച്ഛമായ ചെലവിൽ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊടുക്കുന്ന ഉത്തരേന്ത്യൻസംഘങ്ങൾ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ തമ്പടിക്കുന്നു. ടാറ്റൂ സ്റ്റുഡിയോകളിലെ നിരക്കുകളിൽ നിന്ന് വളരെ കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സംഘങ്ങളുടെ കെണിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ശുചിത്വ സംവിധാനങ്ങളില്ലാതെ തുറസ്സായ സ്ഥലത്ത് പച്ചകുത്തുന്നത് രോഗവ്യാപനത്തന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉത്സവങ്ങളിലും ആഘോഷങ്ങളിലും മാത്രം എത്തിയിരുന്ന സംഘങ്ങൾ ഇപ്പോൾ നഗരങ്ങളുടെ ചില കോണുകളിൽ പ്രവർത്തിക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് ശേഷമാണ് കൂടുതൽ ടീമുകൾ കേരളത്തിലേക്ക് എത്തിത്തുടങ്ങിയത്. പൂരസമയത്ത് പലതവണ ഉച്ചഭാഷിണിയിലൂടെ ഈ കെണിയിൽ വീഴരുതെന്ന് അറിയിപ്പ്‌ നൽകിയിരുന്നു. അന്ന് പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പൂരപ്പറമ്പിൽ നിന്ന് അമ്പതോളം ഉത്തരേന്ത്യക്കാരെ ഒഴിപ്പിച്ചിരുന്നു.

ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. തുക ടാറ്റൂവിന്റെ രൂപകൽപ്പനയെ ആശ്രയിച്ചിരിക്കുന്നു. 100 രൂപ വരെ മുടക്കി ഇത് ചെയ്യുന്നവരുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു ഉത്തരേന്ത്യൻ ‘ടാറ്റൂക്കാരൻ’ ഒരു ടാറ്റൂ സ്റ്റുഡിയോയിൽ 5,000 രൂപയ്ക്ക് ചെയ്യുന്നത് 250 രൂപയ്ക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു. സംഘാംഗങ്ങളിൽ ഭൂരിഭാഗവും കടകളിലാണ് ഉറങ്ങുന്നത്.