കേരള തീരത്ത് ജാഗ്രത നിർദ്ദേശം; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

0
119

തിരുവനന്തപുരം : വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 10 രാത്രി 11.30 വരെ 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം അപകടമേഖലകളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണം. മത്സ്യബന്ധന യാനങ്ങളായ ബോട്ടുകളും തോണികളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടി ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രയും കടലിലേക്ക് ഇറങ്ങുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.