ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വാഹനങ്ങൾ. ആയിരങ്ങൾ മുതൽ ശതകോടികൾവരെ വിലയുള്ള വാഹനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഈ വാഹനത്തിൽ പതിക്കുന്ന നമ്പറിന് ഒരാൾക്ക് എത്ര രൂപവരെ മുടക്കാം. നമ്മുടെ നാട്ടിൽ ഒരു നമ്പരിനായി ലക്ഷങ്ങൾ മുടക്കുന്ന ആളുകളൊക്കെ ഉള്ളതാണ്. എന്നാലിനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രജിസ്ട്രേഷൻ നമ്പരിനെപറ്റിയാണ്. ഇന്ത്യയിലല്ല ഈ നമ്പർ നിലവിലുള്ളത്. അങ്ങ് യു.കെയിലാണ്. ഈ നമ്പരിനായി ഒരാൾ മുടക്കിയിരിക്കുന്നതാകട്ടെ 132 കോടി രൂപയും.
ലോകത്തിലെ ഏറ്റവും ചിലവേറിയ സ്പോർട്സ് മത്സരമാണ് ഫോർമുല വൺ. എഫ് വൺ എന്നാണ് ഫോർമുല വണ്ണിന്റെ ചുരുക്കപ്പേര്. യു.കെയിൽ ഉള്ള ആ വിലപിടിപ്പുള്ള നമ്പരും എഫ് വൺ എന്നതാണ്. ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ വാഹന നമ്പരാണ് എഫ് വൺ. വിലകൂടിയതുകാരണം ബുഗാട്ടി വെയ്റോൺ മക്‍ലാരൻ എസ്‌എൽആർ തുടങ്ങിയ ഹൈ-എൻഡ് പെർഫോമൻസ് വാഹനങ്ങളിലാണ് സാധാരണ ഈ നമ്പർ കാണാറുള്ളത്. പരിമിത കാലത്തേക്കും ഈ നമ്പർ സ്വന്തമാക്കാം എന്നതും ലോകത്തിലെ ഏറ്റവും ചെറിയ വാഹന രജിസ്ട്രേഷൻ നമ്പരുകളിൽ ഒന്നാണിതെന്നതും പ്രത്യേകതയാണ്.