മസാച്യുസെറ്റ്‌സ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി. മസാച്യുസെറ്റ്‌സിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
24 അടിയോളം ഉയരമുള്ള ബോട്ട് അതിവേഗത്തില്‍ അപകടകരമാം വിധത്തില്‍ കറങ്ങുന്നത് കണ്ടതായി മത്സ്യബന്ധന കപ്പലായ ഫൈനെസ്റ്റ് കൈന്‍ഡിന്റെ ക്യാപ്റ്റന്‍ ഡാന ബ്ലാക്ക്മാന്‍ ആണ് മാര്‍ഷ്ഫീല്‍ഡ് ഹാര്‍ബര്‍മാസ്റ്ററുടെ ഓഫീസിലേക്ക് വിളിച്ചറിയിച്ചത്. ബോട്ടില്‍ നിന്ന് കടലിലേക്ക് തെറിച്ചുവീണെന്ന് കരുതുന്ന രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ക്യാപ്റ്റന്‍ പോലീസിനെ അറിയിച്ചു.
2 people rescued after being ejected from boat out at sea! https://t.co/80jXkDFEPJ pic.twitter.com/52SN6AQv3j
— Marshfield Police Department (@Marshfield_PD) July 5, 2022
കടലില്‍ വീണവരില്‍ ഒരാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ച് വെള്ളത്തില്‍ നിന്ന് മേലേക്ക് വീശി രക്ഷപ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. രണ്ട് പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ക്യാപ്റ്റന്‍ അറിയിച്ചു. ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നുമാണ് ക്യാപ്റ്റന്‍ പോലീസിനെ അറിയിച്ചത്.
മസാച്യുസെറ്റ്‌സിലെ ഗ്രീന്‍ ഹാര്‍ബറില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു ബോട്ട്. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടർന്നാണ് ബോട്ട് നിയന്ത്രണംവിട്ട് കടലില്‍ വട്ടംകറങ്ങാന്‍ തുടങ്ങിയത്. ‘സർക്കിള്‍ ഓഫ് ഡെത്ത്’ എന്നാണ് ഇത്തരം പ്രതിഭാസത്തെ വിളിക്കുന്നത്.