തിരുവനന്തപുരം : വിദേശത്തെ അനധികൃത നിയമനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം റിക്രൂട്ട്മെന്‍റുകളിൽ ഉൾപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികൾ പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ‘ഓപ്പറേഷന്‍ ശുഭയാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികൾ അയയ്ക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും സംവിധാനം ഏർപ്പെടുത്തും. പോലീസ് വകുപ്പ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്, നോർക്ക റൂട്ട്സ് എന്നിവ സംയുക്തമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിക്കുക. പരാതികൾ നൽകുന്നതിനും മറ്റും പ്രത്യേകം ഇ-മെയിൽ വിലാസവും കോൺടാക്റ്റ് നമ്പറും നൽകും. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങൾ, കുടിയേറ്റ നിയമങ്ങൾ, തൊഴിൽപരമായ കാര്യങ്ങൾ, യാത്രാ അറിയിപ്പുകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, നോർക്ക റൂട്ട്സ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.