പ്ലസ്‌വൺ പ്രവേശനം;അലോട്ട്‌മെന്റുകൾ ജൂലൈയിൽ, ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും

0
127

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്‍റെ പ്രൊസ്പെക്റ്റസ് പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്മെന്‍റ് ജൂലൈ 21നും ആദ്യ അലോട്ട്മെന്‍റ് ജൂലൈ 27നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 11നായിരിക്കും ഉണ്ടാവുക. പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17ന് ആരംഭിക്കും.

ശേഷിക്കുന്ന ഒഴിവുകൾ സപ്ലിമെന്‍ററി അലോട്ട്മെന്‍റിലൂടെ നികത്തുകയും അഡ്മിഷൻ നടപടികൾ 2022 സെപ്റ്റംബർ 30ന് അവസാനിക്കുകയും ചെയ്യും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18 ആണ്. നീന്തൽ പരിജ്ഞാനത്തിന് നൽകിയ 2 ബോണസ് പോയിന്‍റുകൾ ഒഴിവാക്കി. ഉപരിപഠനത്തിന് അർഹരായ എല്ലാവർക്കും അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഓരോ വിദ്യാർത്ഥിയുടെയും വെയിറ്റേജ് ഗ്രേഡ് പോയിന്‍റ് ശരാശരിയെ അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള യോഗ്യത നിർണ്ണയിക്കുന്നത്. ടൈ ബ്രേക്കിംഗിനായുള്ള എൻടിഎസ്ഇ (നാഷണൽ ടാലന്‍റ് സെർച്ച് എക്സാം) മികവിന് പുറമേ, ഈ വർഷം എൻഎംഎംഎസ്എസ്ഇ (നാഷണൽ മെറിറ്റ് മീൻസ് സ്കോളർഷിപ്പ് സ്കീം പരീക്ഷ), യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ മികവുകളുടെ ഒരു പുതിയ സെറ്റ് കൂടി ചേർത്തിട്ടുണ്ട്. പ്രധാന ഘട്ടത്തിലെ അലോട്ട്മെന്‍റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി ഉയർത്തി. മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് പ്രധാന ഘട്ടം മുതൽ അലോട്ട്മെന്‍റ് പ്രക്രിയ ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവുണ്ടാകും.