വാഹന ഇൻഷുറൻസ് കുറയും; ഇൻഷുറൻസ് പ്രീമിയത്തിന് അനുമതി

0
159

ന്യൂഡൽഹി: വാഹനത്തിന്‍റെ ഉപയോഗത്തെ ആശ്രയിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ്-ഓണുകൾ നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) കമ്പനികളെ അനുവദിച്ചു. ഓൺ-ഡാമേജ് (ഒഡി) കവറേജിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അനുവാദമുണ്ട്.

വാഹനം സഞ്ചരിക്കുന്ന ദൂരം(Pay as You Drive),  ഡ്രൈവിങ് രീതി(Pay How You Drive) എന്നിവയ്ക്കനുസരിച്ചാണ് ഇവിടെ പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറും ഇരുചക്രവാഹനങ്ങളും ഒരുമിച്ച് ഇൻഷുർ ചെയ്യാൻ (ഫ്ലോട്ടർ ഇൻഷുറൻസ്) അനുവദിച്ചിട്ടുണ്ട്. 

വളരെ കുറച്ച് കാർ ഉപയോഗമുള്ളവർക്കും വളരെ ഉയർന്നവർക്കും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയ സ്വഭാവം കണക്കിലെടുത്താണ് ഈ നയങ്ങൾ. അടുത്ത ഒരു വർഷത്തിനുള്ളിൽ കാർ എത്ര ദൂരം ഓടുമെന്ന് ഉടമ വ്യക്തമാക്കണം. അതിനനുസരിച്ച് പ്രീമിയം നിശ്ചയിക്കും. ആദ്യം തീരുമാനിച്ച കിലോമീറ്റർ കഴിഞ്ഞാൽ ഉയർന്ന പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനികൾ വാഹന ഉപയോഗം നിരീക്ഷിക്കും.