താലിബ് ഹുസൈൻ ഇപ്പോൾ സാംഭാൽ പൊലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കർശനമായ ഐ.പി.സി വകുപ്പുകൾ ചേർത്തത് മോചനം ബുദ്ധിമുട്ടാക്കിയേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇഖ്ദാദർ ഹുസൈൻ പാഷ പറയുന്നു. അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു എന്നൊരു കേസും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുണ്ട്.
‘ഞങ്ങൾ അറസ്റ്റുചെയ്യാൻ പോയപ്പോൾ, അയാൾ വലിപ്പമുള്ള ഒരു കത്തി എന്റെ നേരെ വീശി. ഞാൻ പിന്നോട്ട് നീങ്ങി. പിന്നീട് ഒപ്പമുണ്ടായിരുന്നവർ അയാളെ പിടിക്കുകയായിരുന്നു. സംഭാൽ പോലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ അജയ് കുമാർ ത്യാഗി പറയുന്നു.
ഹുസൈനെതിരെ 295 എ (ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തി), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 307 (കൊലപാതകശ്രമം), 353 (പൊലീസുകാരെ ആക്രമിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാലിതെല്ലാം കെട്ടിച്ചമച്ച കുറ്റങ്ങളാണെന്ന് താലിബിന്റെ അഭിഭാഷകൻ ഇഖ്ദാദർ ഹുസൈൻ പാഷ പറയുന്നു. ‘കടയിൽവച്ചാണ് താലിബിനെ അറസ്റ്റ് ചെയ്യുന്നത്. തിരക്കേറിയ മാർക്കറ്റിൽ, ഒരു വയോധികന് എങ്ങനെ പൊലീസിനെ പരസ്യമായി ആക്രമിക്കാൻ കഴിയും? ആ പാതയിൽ നിരവധി കാമറകളുണ്ട്, പൊലീസ് പറയുന്നത് തെറ്റാണെന്ന് തെളിയിക്കപ്പെടും. അവരുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ അവകാശവാദത്തിന് അവർ തെളിവുകളൊന്നും നൽകിയിട്ടില്ല’-അഭിഭാഷകൻ പറയുന്നു.
ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് കൈലാഷ് ഗുപ്തയാണ് താലിബിനെതിരേ പൊലീസിൽ പരാതി നൽകിയത്. നവരാത്രി സമയത്ത് അച്ചടിച്ച, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പത്രങ്ങൾ ഹോട്ടലിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. പരാതി ലഭിച്ചയുടൻ ഹോട്ടലിൽ പരിശോധന നടത്തി ഇവ പിടിച്ചെടുത്തതായാണ് പൊലീസ് നൽകിയ വിശദീകരണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046573 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.