ജിദ്ദ: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ സുരക്ഷയെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും നിഷേധാത്മകമായ നടപടികൾ കണ്ടാൽ കർശനമായി തടയുമെന്ന് ഹജ്ജ് സുരക്ഷ സേന കമാൻഡർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി പറഞ്ഞു. ഹജ്ജ് സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജിന്റെ സുരക്ഷ നിലനിർത്താൻ ആഭ്യന്തര മന്ത്രി രണ്ട് സുരക്ഷാ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നിയമലംഘകരെ പിടികൂടാൻ പുണ്യസ്ഥലങ്ങളുടെ മുഴുവൻ അതിർത്തി ഭാഗങ്ങളിലും സുരക്ഷാസേന വലയം ചെയ്തിട്ടുണ്ട്. ഹജ്ജ് വ്യവസ്ഥകൾ ലംഘിച്ചതിന് സൗദി പൗരന്മാരും താമസക്കാരുമായ 288 പേരെ അറസ്റ്റ് ചെയ്യുകയും 63 വ്യാജ ഹജ്ജ് സംഘാടകരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. ജംറകളിലെ കല്ലേറിന് പോകുമ്പോഴും വിടവാങ്ങൽ ത്വവാഫ് വേളയിലും തീർഥാടകർ സമയക്രമം പാലിച്ചിരിക്കണം. നിയമാനുസൃതമല്ലാത്ത രീതിയിൽ ഹജ്ജ് നിർവഹിക്കാൻ പ്രവർത്തിക്കുന്ന 2,062 താമസലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ പെർമിറ്റ് നേടാത്ത 99,792 പേരും പിടിയിലായിട്ടുണ്ട്. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കൊണ്ടുവന്ന 69,663 വാഹനങ്ങൾ തിരിച്ചയച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷസേന മേധാവി പറഞ്ഞു.