ആഗ്ര: ഗർഭിണായായ ഭാര്യയെ മർദിക്കുകയും പ്രസവത്തിൽ കുഞ്ഞ് മരണപ്പെടുകയും ചെയ്ത സംഭവത്തിൽ കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് സ്റ്റേഷനിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവിന്റെ പ്രതിഷേധം. ആഗ്രയിലാണ് സംഭവം.
ധനിറാം എന്നയാളാണ് നീതി തേടി സീനിയർ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. റിപ്പോർട്ടുകളനുസരിച്ച് ധനിറാമിന്റെ ഭാര്യയെ രണ്ട് പേർ ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ട ഭാര്യെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോകുകയും. ഡോക്ടർ ശസ്ത്രക്രിയ നടത്തി ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ, ജനിച്ച് അധികം താമസിയാതെ കുഞ്ഞ് മരിച്ചു.
ഭാര്യയെ ആക്രമിച്ച ഗുഡ്ഡു, രാമസ്വത്ത് എന്നിവർക്കെതിരെ എതിരെ പരാതി നൽകാൻ ധനിറാം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് നവജാത മകളുടെ മൃതദേഹവുമായി അദ്ദേഹം സീനിയർ പൊലീസ് സൂപ്രണ്ട് ഓഫീസിലെത്തുകയായിരുന്നു. നാട്ടുകാരും ധനിറാമിന്റെ കൂടെയെത്തി.
ധനിറാമിന് നീതി ലഭിക്കുമെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പ്രഭാകർ ചൗധരി ഉറപ്പുനൽകുകയും ഉടൻ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഫത്തേഹാബാദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനോട് നിർദേശിക്കുകയും ചെയ്തു.
ഭാര്യ ആറുമാസം ഗർഭിണിയാണെന്നും ജോലിക്ക് പോയ സമയത്താണ് സംഭവമുണ്ടായതെന്നും ധനിറാം ‘ഇന്ത്യാ ടുഡേ’യോട് പറഞ്ഞു. ‘ഞാൻ ജോലിക്ക് പോകുന്ന വഴിയാണ് ഇത് സംഭവിച്ചത്. മർദനത്തെ തുടർന്ന് ഭാര്യയുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. ഉടൻ തന്നെ ഞാൻ അവളെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അവളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്റെ ഭാര്യക്ക് ശസ്ത്രക്രിയ നടത്തി, പക്ഷേ കുഞ്ഞിനെ നഷ്ടപ്പെട്ടു.’ ധനിറാം പറഞ്ഞു. ഭാര്യ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.