റിയാദ്: രാജ്യത്ത് പല മേഖലകളിലും ചൂട് കൂടുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ ചില ഭാഗങ്ങളിൽ താപനില കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും ദമ്മാം, അൽഅഹ്സ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച താപനില ഏറ്റവും ഉയർന്നതെന്നും അധികൃതർ വ്യക്തമാക്കി.
46 ഡിഗ്രി സെൽഷ്യസ് ആണ് ഈ പ്രദേശങ്ങളിലെ ഉയർന്ന താപനില. അബഹയിലാണ് താപനില ഏറ്റവും കുറഞ്ഞത്. 20 ഡിഗ്രി സെൽഷ്യസ് ആണ് അബഹ നഗരത്തിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അൽബഹ, അൽ ഖുറയാത്ത് എന്നിവിടങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും ആണ് രേഖപ്പെടുത്തിയത്. ഖുൻഫുദ മേഖലയിൽ അന്തരീക്ഷത്തിൽ ഈർപ്പം വളരെ ഉയർന്നനിലയിലാണ്.
മക്ക, റിയാദ്, വാദി ദവാസിർ, റഫ, അൽ ഖർജ് എന്നിവിടങ്ങളിൽ 43 ഡിഗ്രി സെൽഷ്യസ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയതെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.