കാസര്‍കോട്: കാസർകോട്ടെ പ്രവാസിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടു. ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. റയീസ് ദുബായിൽ എത്തിയത് തിങ്കളാഴ്ച്ചയാണ്. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസര്‍കോട് എസ്‍പി വൈഭവ് സക്സേന ഇന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു എസ്‍പി വൈഭവ് സക്സേന പറഞ്ഞത്. ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്‍റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാൻ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്വട്ടേഷൻ സംഘം ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്‍റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്.
പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചത്. ബോളംകളയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അൻസാരിയെക്കൊണ്ടും സിദ്ദിഖിനെ മർദിക്കാൻ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അൻസാരി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.