ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായി, 5000 തവണയെങ്കിലും അടിയേറ്റു; സിദ്ദീഖിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
543

കാസർകോട്; കാസർകോട് സ്വദേശിയായ പ്രവാസി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ടത് ക്രൂരമർദനമേറ്റെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും ക്രൂരപീഡനത്തിന് ഇരയായി. തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആശുപത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അൻസാരി പറഞ്ഞു.

പണം എന്തു ചെയ്തെന്ന് ചോദിച്ചായിരുന്നു മർദനം. അതിനിടയിൽ സംഘത്തിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടി ഒരുസംഘം മർദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നെന്ന് അൻവർ പറഞ്ഞു. 1500 രൂപയും സംഘം നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിയുന്നത്.

പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട് പോലീസും വിരലടയാളവിദഗ്ധരം ചൊവ്വാഴ്ച പരിശോധിച്ചു. രണ്ട് മഞ്ചേശ്വരം സ്വദേശികളുടെ 40 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പണം തിരിച്ചുപിടിക്കാൻ അവർ പൈവളിഗെയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടുകയായിരുന്നെന്നും പോലീസ് കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here