സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു

0
170

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെയാണ് സംസ്ഥാനത്തിന്റെ കടം വര്‍ധിച്ചത് എന്നും കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാന്‍ കാരണമായത് എന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

ധനമന്ത്രിക്ക് വേണ്ടി സഭയില്‍ ഹാജരായ മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രമിറക്കില്ല എന്നും ബാധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് തടസമാകില്ല എന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദീകരണം. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുത് എന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നികുതി, വൈദ്യുതി, ബസ്, വെള്ളം നിരക്കുകള്‍ കൂട്ടിയത് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.

എന്നാല്‍ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ആവശ്യമുള്ള ഒരു വികസനത്തില്‍ നിന്നും പിന്നോട്ടു പോവാന്‍ ഉദ്ദേശമില്ല എന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. കടം എടുക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോവാന്‍ കഴിയില്ല എന്നും എന്നാല്‍ കടം കുറയ്ക്കാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33 കോടി രൂപയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം വിശദീകകരിച്ചു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്തിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കെ റെയില്‍ കോര്‍പറേഷന്‍ വഴി തിരുവനന്തപുരം കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയുടെ സാധ്യത പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോര്‍ട്ട് റെയല്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് റെയില്‍ മന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രീ ഇന്‍വെസ്റ്റ് ആക്‌സിവിറ്റീസ് ഉള്‍പ്പെടെ നടപടി തുടങ്ങുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ കത്തില്‍ നിക്ഷേപ പൂര്‍വ പ്രവര്‍ത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിന്റെ ഭാഗമായി സര്‍വേ, ഭൂമി ഏറ്റെടുക്കല്‍, ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എല്‍ ഡി എഫ് മുന്നോട്ട് വെക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വരെ എല്‍ ഡി എഫ് മുന്നില്‍വെച്ച വികസന കാര്‍ഡില്‍ ആദ്യത്തേത് സില്‍വര്‍ ലൈനായിരുന്നു.

സില്‍വര്‍ ലൈന്‍ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷമായെങ്കിലും പദ്ധതിക്ക് അനുമതി നല്‍കുന്നതില്‍ റെയില്‍വെ ബോര്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പദ്ധതിക്ക് തത്വത്തില്‍ മാത്രമാണ് അനുമതിയുള്ളത്. 2020 ജൂണ്‍ 17 നാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ കേരളം സമര്‍പ്പിച്ചത്. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നു എന്നാണ് ഡി പി ആര്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here