തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ ഉത്തരവ്. കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം (42,90,000) രൂപയാണ് അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പ് തുകയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവിറക്കിയിട്ടുണ്ട്. ചുറ്റുമതിലും പുതിയ തൊഴുത്ത് നിര്‍മാണത്തിനുമായാണ് തുക വിനിയോഗിക്കുക.
പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞമാസമായിരുന്നു കാലിത്തൊഴുത്ത് നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് പരിശോധിച്ച ശേഷമായിരുന്നു പൊതുമരാമത്ത് വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചനകള്‍. നേരത്തെ നല്‍കിയ ശിപാര്‍ശ പ്രകാരമാണ് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.