മലപ്പുറം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിനെ ശാസിച്ച് മുസ്ലിം ലീഗ് നേതൃത്വം. നടപടിയില്‍ ഖാദറിന് ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് പാര്‍ട്ടി നടപടി. ഇതില്‍ ഖാദര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ സാംസ്‌കാരിക പരിപാടി എന്ന നിലക്കാണ് പങ്കെടുത്തതെന്ന് കെ എന്‍ എ ഖാദര്‍ വിശദീകരണം നല്‍കി.കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്.
കെ എന്‍ എ ഖാദറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. ‘അച്ചടക്ക ബോധമുള്ള പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല,’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം.