അബുദാബി: ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റിയാണ് (ടി.ഡി.ആര്‍.എ) സാമൂഹിക മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.
ഐഫോണുകളിലുള്ള ഐ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം മെസേജുകള്‍ ലഭിക്കുകയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ട്വിറ്റിലൂടെ പങ്കുവെച്ച വീഡിയോയില്‍, ഒരു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചുവെന്നും ഇത് സ്വന്തമാക്കാനായി 5000 ഡോളര്‍ നിക്ഷേപിക്കാനും ആവശ്യപ്പെടുന്നതാണ് കാണിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് അവയുടെ പിന്നാലെ പോയാല്‍ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാര്‍ കൊണ്ടുപോകുമെന്നും വീഡിയോ പറയുന്നു.
انتشرت ظاهرة ورود رسالة iMessage علی أجهزة الأي فون
بنظام IOS وتهيب الهيئة بالأخوة المتعاملين بتوخي الحذر من
هذه الرسائل#تدرا_الإمارات #التصيد_الإلكتروني #TDRAUE #phishing #UAE #imessage pic.twitter.com/ELraUtHcRd— تدرا 🇦🇪 TDRA (@tdrauae) June 23, 2022
ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണുകളിലെ ഐ മെസഞ്ചര്‍ ആപ് വഴി സന്ദേശം അയച്ചുകൊണ്ട് ഒരു പുതിയ തരം തട്ടിപ്പിന് ശ്രമം നടക്കുന്നതായി വീഡിയോയുടെ അവസാനം ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നുമുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.