കണ്ടക്ടര്‍ ചില്ലറ ചോദിച്ചു: നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം; സമ്പാദ്യം നഷ്ടപ്പെട്ട വിഷമത്തില്‍ പ്രവാസി

0
275

കുറ്റ്യാടി: സ്വകാര്യ ബസില്‍ യാത്രക്കാരന്‍ ചില്ലറയ്ക്ക് പകരം നല്‍കിയത് ഒരു പവന്‍ സ്വര്‍ണ നാണയം. പ്രവാസിയായ കരിങ്ങാട് സ്വദേശിക്കാണ് ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്.

കുറ്റ്യാടിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ നാണയമാണ് നല്‍കിയതെന്ന് തിരിച്ചറിയുന്നത്. ഉടന്‍ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും കണ്ടക്ടര്‍ ചില്ലറയെന്ന് കരുതി കൈമാറിയതായി പറഞ്ഞു.

ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും കണ്ടക്ടര്‍ പറയുന്നു. തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയിലോ അല്ലെങ്കില്‍ തൊട്ടില്‍പാലത്ത് നിന്ന് തിരിച്ച് വടകരക്കോ യാത്ര ചെയ്ത ആര്‍ക്കോ ബാക്കി കൊടുത്തുപോയെന്നാണ് കണ്ടക്ടര്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയം അത്യാവശ്യ സമയത്ത് എടുക്കാന്‍ കാത്തുവെച്ചിരിക്കുകയായിരുന്നു. മകളുടെ കോളേജ് ഫീസടയ്ക്കാന്‍ വേണ്ടിയാണ് പ്രവാസിയായിരുന്ന കരിങ്കാട് സ്വദേശി സ്വര്‍ണ നാണയം വില്‍ക്കാന്‍ തീരുമാനിച്ച് ഇറങ്ങിയതായിരുന്നു. എന്നാല്‍ സുഹൃത്ത്
പണം കടം നല്‍കിയതോടെ വില്‍ക്കാനുള്ള തീരുമാനം മാറ്റിവെച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത്.

അശ്രദ്ധക്കൊപ്പം സ്വര്‍ണനാണയവും അഞ്ച് രൂപ തുട്ടും തമ്മില്‍ നിറത്തിലും രൂപത്തിലുമുള്ള സാമ്യമാണ് അബദ്ധം പറ്റാന്‍ കാരണമായത്. കുറ്റ്യാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്ത കണ്ട് ആരെങ്കിലും സ്വര്‍ണനാണയം തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here