ബെംഗളൂരു: ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയുടെ ഓഫീസിലേക്ക് പ്രതിഷേധ സൂചകമായി നിസ്കാര തൊപ്പിയും പച്ച ഷാളുമയച്ച് സിപിഐഎം നേതാവ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംഘപരിവാറും ബിജെപിയും തന്നെ സ്ഥാനാർത്ഥിയാക്കിയാൽ ബ്യാരികളുടെ (മുസ്ലീങ്ങളുടെ) വോട്ട് വേണ്ടെന്ന് താൻ അഭിമാനത്തോടെ പറയുമെന്ന് പൂഞ്ച അടുത്തിടെ പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ബിജെപി ന്യൂനപക്ഷ സമ്മേളനത്തിനായെത്തുന്ന എംഎൽഎക്ക് സിപിഐഎം താലൂക്ക് കമ്മിറ്റിയംഗം ശേഖർ ലൈല പ്രതിഷേധ കത്തിനൊപ്പം നിസ്കാര തൊപ്പിയും പച്ച ഷാളുമയച്ചത്.
മുസ്‌ലിംകളുടെ വോട്ട് ഒരറ്റത്ത് ആവശ്യമില്ലെന്നും മറുവശത്ത് ന്യൂനപക്ഷ കൺവെൻഷൻ നടത്തി അതേ സമുദായത്തെ പ്രീണിപ്പിക്കുന്നതുമായ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം ഉപേക്ഷിക്കണമെന്നും പൂഞ്ചക്കുള്ള പ്രതിഷേധ കത്തിൽ ശേഖർ അറിയിച്ചു.
“തനിക്ക് ബ്യാരികളുടെ വോട്ട് ആവശ്യമില്ലെന്ന് ഹരീഷ് പൂഞ്ച പറഞ്ഞിരുന്നു. പ്രതിബദ്ധതയുള്ള ഒരു എം.എൽ.എക്ക് ഇത് നല്ലതല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങളുടെ വോട്ട് ആവശ്യമില്ലെന്ന് പറഞ്ഞ അതേ എംഎൽഎ ജൂൺ 22ന് പട്ടണത്തിൽ ന്യൂനപക്ഷ കൺവെൻഷൻ നടത്തുന്നു. ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രം വ്യക്തമാക്കുന്നു” എന്ന് ശേഖർ ലൈല മാധ്യമങ്ങളോട് പറഞ്ഞു. ജാതിയും മതവും നോക്കാതെ ഓരോ വോട്ടറെയും ഒരുപോലെ കാണുന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രഥമ കർത്തവ്യമെന്നും ശേഖർ പ്രതികരിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അടുത്ത കാലത്ത് നടത്തുന്നത്. ടിപ്പു സുൽത്താൻ ജയന്തി മുതൽ ആർഎസ്എസ് വരെയുള്ള വിഷയങ്ങളിൽ പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇത് അവസാനിപ്പിക്കണമെന്നും ശേഖർ പറഞ്ഞു.
“ന്യൂനപക്ഷ സമ്മേളനം നടത്തുന്നതിന്റെ ഉദ്ദേശം എന്താണ്?. അത് മുസ്ലീം സമുദായത്തെ തൃപ്തിപ്പെടുത്താനല്ലേ?. ഭരണഘടനയും പറയുന്നത് എല്ലാവരും തുല്യരാണെന്നാണ്. അതുകൊണ്ട് ന്യൂനപക്ഷ കൺവെൻഷനിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഞാൻ നിസ്കാരത്തൊപ്പിയും ഷാളും അയച്ചു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സർക്കാരിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായാണ് ബെൽത്തങ്ങാടി മണ്ഡലത്തിൽ ബിജെപിയും ന്യൂനപക്ഷ മോർച്ചയും ചേർന്ന് ന്യൂനപക്ഷ കൺവെൻഷൻ നടത്തുന്നത്.