പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് പ്രകടനം; കുവൈത്തിൽ നിന്ന് നാട് കടത്തുന്നവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന; രാജ്യത്തെ നിയമം അനുസരിക്കണമെന്ന് ഇന്ത്യൻ എംബസി

0
298

കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി മുൻ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രകടനം നടത്തിയ പ്രവാസികളിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന. പ്രതിഷേധ പ്രകടനം നടത്തിയവരെ നാട് കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് ഇനിമേൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.

ഫഹാഹീലിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായ എല്ലാ പ്രവാസികളെയും അറസ്റ്റ് ചെയ്ത് നാട് കടത്താൻ തന്നെയാണ് കുവൈത്തിന്റെ തീരുമാനം. പ്രതിഷേധിച്ചവരെ നാട് കടത്തുമെന്നുള്ള വാർത്തകൾ ഇന്നലെ തന്നെ വന്നിരുന്നെങ്കിലും പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

പ്രവാസികൾക്കായുള്ള തൊഴിൽ നിയമങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കുന്ന ഗൾഫ് രാജ്യമാണ് കുവൈത്ത്. ഇവിടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പത്രപ്രവർത്തകനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

കുവൈത്ത് സർക്കാർ പ്രതിഷേധം നടത്തിയവരോട് മൃദു സമീപനത്തിന് തയ്യാറാവില്ല. ഇന്ത്യക്കാർ ഉൾപ്പെടെ പ്രകടനം നടത്തിയ എല്ലാ പ്രവാസികളെയും വരും ആഴ്ചകളിൽ തന്നെ നാടുകടത്തുമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിൽ പറഞ്ഞു. പ്രതിഷേധിച്ചവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഈ സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ല. രാജ്യത്തെ നിയമം പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയും ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ എംബസിയുടെ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാചക നിന്ദയ്ക്കെതിരെ വ്യക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. ഏത് വിഷയത്തിലായാലും കുവൈത്തിലെ നിയമം അനുസരിക്കാൻ രാജ്യത്തെ മുഴുവൻ പേരും ബാദ്ധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

കുവൈത്തിൽ പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ലെന്ന് നിയമമുണ്ട്. നിയമവിരുദ്ധമായി പ്രതിഷേധപ്രകടനം നടത്തുന്നവരെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ എല്ലാ പ്രവാസികളും കുവൈത്തിലെ നിയമങ്ങൾ മാനിക്കണം. അവർ ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here