ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത എല്ലാ പ്രവർത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാൽ എംപി, രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇഡി ഓഫീസിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു.
കെസിക്ക് വെള്ളം കൊടുക്കാൻ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേൾക്കാതെ കെ സി വേണുഗോപാലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്നു കെ സി വേണുഗോപാൽ. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ സി വേണുഗോപാലിന്‍റെ ഷർട്ടും മാസ്കുമെല്ലാം കീറിയ നിലയിലായിരുന്നു.
കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. അറസ്റ്റിലായ കെ സി വേണുഗോപാൽ അവശനാണ്. അദ്ദേഹത്തെ ഡോക്ടർമാരെത്തി പരിശോധിക്കുന്നുമുണ്ട്.
തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് പെരുമാറിയത് എന്ന് ഡീൻ കുര്യാക്കോസ് എം പി ആരോപിക്കുന്നു. കെ സി വേണുഗോപാലിനെ ബസ്സിലേക്ക് പൊലീസ് വലിച്ചിഴച്ചുകയറ്റി ചവിട്ടി. കെ സി വേണുഗോപാൽ രണ്ട് ദിവസം മുമ്പാണ് കൊവിഡ് മുക്തനായത്. മോദി ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിക്കുന്നുവെന്നും ഡീൻ ആരോപിക്കുന്നു.
അതേസമയം, ഒരു പ്രകോപനവും ഇല്ലാതെയാണ് എല്ലാ നേതാക്കളെയും ഉപദ്രവിച്ചതെന്ന് ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കുന്നു.