കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. ‘സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ ജില്ല പ്രസിഡന്റിന് പാർട്ടി പ്രവർത്തകർ നൽകിയ ആദരം’ എന്ന് മലയാളത്തിലും കന്നടയിലും എഴുതിയതാണ് ഫ്ലക്സ് ബോർഡുകൾ.
കാസർകോട് നഗരത്തിലും മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളിലുമാണ് ഫ്ലക്‌സുകൾ രാവിലെ പ്രത്യക്ഷപ്പെട്ടത്. ഇതോടെ, അൽപമൊന്ന് അടങ്ങിയെന്നു തോന്നിയ വിഭാഗീയത വീണ്ടും ചർച്ചയായി. മാസങ്ങൾക്കുമുമ്പ് ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടുന്നതിലേക്ക് വരെ ജില്ലയിലെ വിഭാഗീയത എത്തിയിരുന്നു. ഫെബ്രുവരി 20നായിരുന്നു ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് ജില്ല കമ്മിറ്റി ഓഫിസ് ഇരുനൂറോളം വരുന്ന പ്രവർത്തകർ താഴിട്ട് പൂട്ടി ഉപരോധിച്ചത്.