കറുത്ത മാസ്‌ക് അഴിപ്പിച്ചിട്ട് പോലും രക്ഷയില്ല; മലപ്പുറം മുതൽ കോഴിക്കോട് വരെ മുഖ്യമന്ത്രിക്കെതിരെ വഴിനീളെ കരിങ്കൊടിയും പ്രതിഷേധവും

0
219

മലപ്പുറം: വമ്പൻ സുരക്ഷ ഒരുക്കിയിട്ടും അഞ്ഞൂറിൽപ്പരം പൊലീസുകാരെ വിന്യസിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വഴിനീളെ പ്രതിഷേധ പ്രകടനവും കരിങ്കൊടിയും. മലപ്പുറം മുതൽ കോഴിക്കോട് വരെയാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്.

മലപ്പുറം കുര്യാടിൽ കോൺഗ്രസ്- മുസ്ലീം ലീഗ് പ്രവർത്തർ, കോട്ടക്കലിൽ യൂത്ത് ലീഗ് പ്രവർത്തർ, മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ, കോഴിക്കോട് പന്തീരങ്കാവ് കൊടൽ നടക്കാവിൽ യുവമോർച്ച പ്രവർത്തകർ, ഇന്ന് രാവിലെ കുന്നംകുളത്ത് ബിജെപി പ്രവർത്തകർ എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലായി മുഖ്യമന്ത്രി നേരെ കരിങ്കൊടിക്കാട്ടിയത്.

തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനായി തൃശൂരിൽ നിന്ന് മലപ്പുറത്തേയ്ക്ക് പോയ മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്കൂളിന് സമീപം വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയിൽ നാല് പേർ അറസ്റ്റിലായി.

തവനൂരിലെത്തിയ മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധം ഉയർത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയ്ക്ക് പുറത്താണ് പ്രതിഷേധം നടന്നത്. പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവർത്തകരെ പൊലീസ് ജല പീരങ്കി ഉൾപ്പെടെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കൂടാതെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കയറിയ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും പൊലീസ് ജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിച്ചിരുന്നു. പകരം മഞ്ഞ മാസ്ക് നൽകുകയും ചെയ്തു. ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുമ്പ് വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. മാസ്‌ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളെടുക്കാൻ മാദ്ധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മാസ്‌ക് മാറ്റുന്നതിന് നിർദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here