കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ചിലർ നടത്തിയ നിന്ദ്യപരാമർശങ്ങൾ ഇസ്‍ലാംമത വിശ്വാസികൾക്കു പുറമെ രാജ്യത്തോടും ലോകജനതയോടും കൂടിയുള്ള അനാദരവാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിവാദ പരാമർശങ്ങൾക്ക് ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങൾ, ഹിന്ദുക്കളും മുസ്‍ലിംകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നവരാണ്. വിശ്വാസികൾ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ആ സമയത്ത് നിന്ദ്യപരാമർശങ്ങളുടെ പേരിൽ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുത്-കാന്തപുരം പറഞ്ഞു.
”ഹിന്ദുമത വിശ്വാസികൾക്കെതിരെയുള്ള തെറ്റായ സമീപനത്തിന് ഇത് കാരണമാവരുത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലികളിൽനിന്ന് ഹൈന്ദവസഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹികജീവിതത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കാനോ ഇടവരരുത്. ഇത്തരം സന്ദർഭങ്ങൾ ദുരുപയോഗം ചെയ്ത് വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണം.”
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കുന്നവരാണ്. ചിലർ മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകൾ ഉണ്ടാക്കുന്നുണ്ട്. അവർക്ക് സമൂഹത്തിൽ അനുവർത്തിക്കേണ്ട സമീപനരീതി രാജ്യം പഠിപ്പിക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ മതനിരപേക്ഷ നിലപാടാണ് അറബ് രാജ്യങ്ങളിൽ നമുക്ക് ആദരം നേടിത്തന്നത്. അതിനാൽ രാജ്യത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്ന ശക്തികളെ രാഷ്ട്രം നിലക്കുനിർത്തണം. ഇന്ത്യയുടെ അന്തഃസത്തയ്ക്കു കളങ്കം വരുത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുകയെന്ന നമ്മുടെ അടിത്തറ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.