കാണ്‍പൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി യൂത്ത് വിങ് ഭാരവാഹി ഹര്‍ഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മുഹമ്മദ് നബിയെ അവഹേളിച്ച് ശ്രീവാസ്ത ട്വീറ്റിടുകയും ചെയ്തിരുന്നു. വിവാദമായതോടെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു.
ഇദ്ദേഹം പോസ്റ്റുകളിലൂടെ അന്തരീക്ഷം വഷളാക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. മതവികാരം വെച്ച് കളിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ പൊലിസ് കമീഷണര്‍ വിജയ് മീണ മുന്നറിയിപ്പ് നല്‍കി.
അക്രമത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ തിങ്കളാഴ്ച കാണ്‍പൂര്‍ പൊലിസ് പുറത്തുവിട്ടിരുന്നു. സി.സി.ടി.വി, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളുടെ ചിത്രങ്ങള്‍ പൊലിസ് ശേഖരിച്ചതെന്ന് പറയുന്നു. പ്രധാന പ്രതിയുള്‍പ്പെടെ 50ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40ലധികം പേര്‍ക്ക് പരിക്കേറ്റ അക്രമവുമായി ബന്ധപ്പെട്ട് 1,500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.