ഗൾഫ് രാജ്യങ്ങളെ പിണക്കുന്ന കാര്യം ഈ മൂന്ന് കാരണങ്ങളാൽ ചിന്തിക്കാൻ പോലും ഇന്ത്യയ്ക്ക് കഴിയില്ല

0
470

ചാനൽ ചർച്ചയിൽ ബി ജെ പി വക്താവായ നൂപുർ ശർമ്മയുടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ ലോകവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കൂട്ടമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർന്നിട്ടുള്ളത്. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ നിന്നുപോലും അപ്രതീക്ഷിത എതിർപ്പുകൾ ഉയർന്നതോടെ കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. വിവാദ പരാമർശങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ ബി ജെ പി അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഈ വിഷയം രാജ്യത്തിന്റെ ചുമലിൽ വയ്ക്കാൻ ചില ഭാഗങ്ങളിൽ നിന്നും ശ്രമം ആരംഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴത്തുന്ന ഒരു നടപടിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശാസ്യമല്ല. കാരണം രാജ്യ പുരോഗതിക്ക് ഗൾഫ് മേഖലയുടെ പ്രാധാന്യം അത്രയും വലുതാണ്. പ്രധാനമായും ഇന്ധനം, വ്യാപാരം, പ്രവാസികളിലൂടെയുള്ള വിദേശനാണ്യം എന്നീ മേഖലകളിൽ ഗൾഫ് മേഖലയുടെ സംഭാവന വളരെ വലുതാണ്.

പ്രവാസികൾ

ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ച് മലയാളി എന്ന നിലയിൽ ഗൾഫ് എന്ന് കേട്ടാൽ തന്നെ പ്രവാസികളെയാവും ഓർമ്മിക്കുക. രാജ്യ പുരോഗതിക്കായി കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യമാണ് ഗൾഫിൽ നിന്നും ഒഴുകിയെത്തിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യാവസായിക പുരോഗതി ഇല്ലെങ്കിലും കേരളം യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിയത് പ്രവാസികൾ ഒഴുക്കിയ പണത്തിന്റെ ഫലമായിട്ടാണ്.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നിടമാണ് ഗൾഫ് രാജ്യങ്ങൾ. വിദേശത്ത് നിന്നും കൂടുതൽ പണം ഇന്ത്യയിലേക്ക് ഒഴുകുന്നതും ഇവിടെ നിന്നാണ്. ഗൾഫിൽ 89 ലക്ഷം ഇന്ത്യൻ പൗരന്മാരാണുള്ളത്. ഗൾഫ് രാജ്യമായ യു എ ഇയുടെ മൂന്നിലൊന്നിലധികം ഇന്ത്യക്കാരാണ്. കുവൈത്തിൽ ഇത് 24 ശതമാനത്തിനും മുകളിലാണ്, ഇപ്പോൾ കടുത്ത പ്രതിഷേധം ഉയർത്തുന്ന ഖത്തറിൽ ഏഴര ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.

ലോകരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ പകുതിയോളം വരുന്നത് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. 2018ലെ കണക്കെടുത്താൽ ഇന്ത്യയിലേക്ക് പ്രവാസികൾ ഒഴുക്കിയ പണത്തിന്റെ പകുതിയും ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് എത്തിയത്. ഇതിൽ പകുതിയും കേരളത്തിലേക്കാണ് എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ഡൽഹി. യു പി, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഗൾഫ് പണമൊഴുക്കിന്റെ അളവ് വർദ്ധിക്കുന്നുണ്ട്.

ഇപ്പോഴത്തെ പ്രതിഷേധം ഇതുവരെ പ്രവാസികളെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നിട്ടില്ലെന്നത് ആശ്വാസകമാണ്. എന്നാൽ സൂപ്പർമാർക്കറ്റിലും മറ്റും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് ചില പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് പടർന്നാൽ ഗുരുതര സാഹചര്യങ്ങളുണ്ടാവാം.

വ്യാപാരം

ചരിത്രത്തിലും സംസ്‌കാരത്തിലും ഇന്ത്യ അറബ് ബന്ധങ്ങളുടെ ഈടുകൾ കാണാനാവും. ആധുനിക കാലത്തും ഇന്ത്യയുടെ ഗൾഫ് മേഖലയുമായുള്ള ബിസിനസ് ബന്ധം അടിയുറച്ചതാണ്. ഗൾഫ് രാജ്യങ്ങളിലെ ചില പ്രധാന റീട്ടെയിൽ സ്റ്റോറുകളും റെസ്റ്റോറന്റുകളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലാണ്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഉയർന്നാൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ അത് ബാധിച്ചേക്കാം. ഗൾഫ് രാജ്യങ്ങളിലേക്ക് വലിയ അളവിലാണ് ഇന്ത്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യയുടെയും യുഎഇയുടെയും ഉഭയകക്ഷി വ്യാപാരം 2021- 22 ൽ 72.9 ബില്യൺ ഡോളറായിരുന്നു, ഇതിൽ ഇന്ത്യയുടെ കയറ്റുമതി 28.4 ബില്യൺ ഡോളറാണ്. അടുത്ത നാല് വർഷത്തിനകം കയറ്റുമതിയിലൂടെയുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള അരി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര എന്നിവയെല്ലാം ഇന്ത്യയിൽ നിന്നുമാണ് പ്രധാനമായും എത്തുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ കണക്കെടുത്താൽ ഗൾഫ് രാജ്യങ്ങളുടെ ഇറക്കുമതിയുടെ സിംഹഭാഗവും ഇന്ത്യയിൽ നിന്നുമാണ്. ഗൾഫ് സഹകരണ കൗൺസിലുമായി 2020-21ൽ 8700 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകൾ നടന്നു. ഇന്ത്യയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഗൾഫ് രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിഷേധം കേന്ദ്രം മുൻകൈ എടുത്ത് തണുപ്പിച്ചില്ലെങ്കിൽ അത് വ്യാപാരത്തെയും നിക്ഷേപത്തേയും സാരമായി ബാധിച്ചേക്കാം.

ഇന്ധനം

ഗൾഫ് രാജ്യങ്ങളുടെ വളർച്ചയ്ക്ക് അവരെ സഹായിച്ചത് പെട്രോളിയം നിക്ഷേപമാണ്. ഇന്ത്യ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഗണ്യമായ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 60 ശതമാനവും ഗൾഫിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് പ്രതിദിനം 5 ദശലക്ഷം ബാരൽ എണ്ണ ഉപയോഗിക്കുന്നതിൽ അറുപത് ശതമാനവും ഗൾഫിൽ നിന്നാണ് വരുന്നത്.

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗൾഫ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമായിരുന്നു പുലർത്തിയിരുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ പാകിസ്ഥാൻ ഏറെ ശ്രമിച്ചെങ്കിലും ഗൾഫ് രാജ്യങ്ങൾ ഇന്ത്യയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പാകിസ്ഥാനുമായി അകലുമ്പോഴും ഇന്ത്യയുമായി അടുത്ത് നിൽക്കുകയായിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ ഉയർത്തുന്ന പ്രതിഷേധവും, ആശങ്കയും വളരെ വേഗം അവസാനിപ്പിക്കുവാൻ ഇന്ത്യയ്ക്ക് കഴിയും എന്ന് പ്രത്യാശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here