ഇല്ലാ റസൂലല്ലാഹ് യാ മോദി; പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം

0
678

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മ നടത്തിയ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ഇല്ലാ റസൂലല്ലാഹ് യാ മോദി എന്ന ഹാഷ് ടാഗ് സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിൽ ട്രൻഡിങ് ആയി മാറിയെന്ന് ബിബിസി അറബിക് റിപ്പോർട്ടു ചെയ്യുന്നു. ബോയ്‌കോട്ട് ഇന്ത്യ എന്ന ഹാഷ്ടാഗ് ഇംഗ്ലീഷിലും ട്രൻഡിങ്ങായി.

പരാമർശം അറബ് ലോകത്ത് ചർച്ചയായതിന് പിന്നാലെ നുപൂർ ശർമ്മയെ ബിജെപി പ്രാഥമികാംഗ്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി ഡൽഹി വക്താവ് നവീൻ ജിൻഡാലിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പരാമർശത്തിനെതിരെ ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന സംവാദത്തിനിടെയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യ ആയിഷയെയും സംബന്ധിച്ച് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകൾ നൽകിയ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, പരാമർശം വ്യക്തിപരമാണെന്നും തങ്ങൾക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി ടൈംസ് നൗ വിശദീകരണക്കുറിപ്പിറക്കിയിരുന്നു.

പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അറബ് ലോകം വിഷയത്തിൽ ഇടപെട്ടത്. ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അൽ ഖലീലി അടക്കമുള്ളവർ ട്വിറ്ററിൽ കുറിപ്പിട്ടു. പ്രവാചകനും സഹധർമിണിക്കുമെതിരെയുള്ള പരാമർശം ലോകത്തുള്ള ഓരോ മുസ്‌ലിമിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ശൈഖ് അൽ ഖലീലി ട്വീറ്റു ചെയ്തു. ദ വയർ അടക്കമുള്ള മാധ്യമങ്ങൾ ഖലീലിയുടെ ട്വിറ്റർ കുറിപ്പ് വാർത്തയാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here