കാസര്‍കോട്:ലൈസന്‍സ് ഇല്ലാതെയും മൂന്നുപേരെ കയറ്റിയും ഓടിച്ച 43 ബൈക്കുകള്‍ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. സംഭവത്തില്‍ രക്ഷിതാക്കളുടെ പേരില്‍ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെയും കൂടുതല്‍ പേരെ കയറ്റിയും ഓടിക്കുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടാല്‍ യാതൊരു തരത്തിലുമുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബോധവന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിലും നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് കൂട്ടിച്ചേര്‍ത്തു.