രാജ്യത്ത് കള്ളനോട്ടുകൾ വർധിച്ചെന്ന് റിസർവ് ബാങ്ക്; ഏറ്റവുമധികം വ്യാജൻ അഞ്ഞൂറിന്

0
209

രാജ്യത്ത് കള്ളനോട്ടുകളുടെ (counterfeit notes) എണ്ണത്തിൽ ​ഗണ്യമായ വർധനവുണ്ടായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India – RBI) റിപ്പോർട്ട്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കള്ളനോട്ടുകളുടെ എണ്ണത്തിൽ 10.7 ശതമാനം വർധനവ് ഉണ്ടായെന്ന് റിസർവ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളിൽ 101.93 ശതമാനം വർധനവുണ്ടായതായും 2000 രൂപയുടെ കള്ളനോട്ടുകൾ 54 ശതമാനത്തിലധികം വർധിച്ചതായും ആർബിഐ കണ്ടെത്തി.

കള്ളപ്പണം തടയാനും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് 2016 നവംബറിൽ സർക്കാർ 500 രൂപാ നോട്ടുകളും, 1000 രൂപ നോട്ടുകളും അസാധുവാക്കി പ്രഖ്യാപിച്ചിരുന്നു. പുതിയ 500 ന്റെയും, 2000 ന്റെയും നോട്ടുകൾ പുറത്തിറക്കി.

2022 സാമ്പത്തിക വർഷത്തിൽ 10 രൂപയുടെ കള്ളനോട്ടുകളിൽ 16.45 ശതമാനവും 20 രൂപയുടെ കള്ളനോട്ടുകളിൽ 16.48 ശതമാനവും വർധനയുണ്ടായതായി ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 200 രൂപയുടെ വ്യാജ നോട്ടുകൾ 11.7 ശതമാനം ആയും ഉയർന്നു. അതേസമയം, 50 രൂപയുടെയും 100 രൂപയുടെയും കള്ളനോട്ടുകൾ യഥാക്രമം 28.65 ശതമാനമായും, 16.71 ശതമാനം ആയും കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ആർബിഐ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നോട്ടു നിരോധനം തകർത്തെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. കള്ളപ്പണം തുടച്ചു നീക്കുമെന്നാണ് കേന്ദ്രസർക്കാർ വാ​ഗ്ദാനം ചെയ്തത്. എന്നാൽ ഏറ്റവും പുതിയ ആർബിഐ റിപ്പോർട്ട് അനുസരിച്ച് കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാൻ ട്വീറ്ററിൽ കുറിച്ചു.

രാജ്യത്ത് നിലവിൽ വിവിധ മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ (currency Note) പ്രചാരത്തിലുണ്ട്. ഇതിൽ 100 രൂപയുടെ നോട്ടുകൾ ആണ് ഏറ്റവും ഉപകാരപ്രദം എന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. അതേ സമയം ഏറ്റവും പ്രയോജനം കുറഞ്ഞ നോട്ട് 2000 രൂപ നോട്ടുകളെന്നും ജനങ്ങൾ പറയുന്നു. മെയ് 27 ന് ആർബിഐ നടത്തിയ സർവെയിലാണ് ഈ കണ്ടെത്തൽ.

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് 100 രൂപ നോട്ടുകളാണെന്നാണ് ഈ വർഷത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നത്. ജനങ്ങൾ ഏറ്റവും കുറവ് ഇഷ്ടപ്പെടുന്ന നോട്ടുകൾ 2000 രൂപയുടേതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ എണ്ണം 214 കോടിയാണ് അതായത് മൊത്തം കറൻസി നോട്ടുകളുടെ 1.6 ശതമാനം മാത്രമാണെന്നും ആർബിഐ സർവേ ഫലം പറയുന്നു. നാണയങ്ങളിൽ, ജനങ്ങൾക്ക് പ്രിയം 5 രൂപ മൂല്യമുള്ള നാണയങ്ങളോടാണ്. താൽപര്യം കുറവ് 1 രൂപ നാണയങ്ങളോടാണ് എന്നും ആർബിഐ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here