വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

0
314

തിരുവനന്തപുരം∙ വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം.

ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെ ടിക്കറ്റ് പാസാക്കാം. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനമെടുക്കുന്നത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റ് പാസാക്കും. അതിനുശേഷമാണ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകില്ല. ലോട്ടറി തുക സർക്കാർ അക്കൗണ്ടിൽതന്നെ കിടക്കും.

വലിയ തുക അടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഹാജരാകാത്ത സാഹചര്യം വിരളമാണെന്ന് അധികൃതർ പറയുന്നു. വളരെക്കാലം മുൻപ്, ഒന്നാം സമ്മാനം നേടിയ ബംബർ ടിക്കറ്റുകൾ ഹാജരാക്കാതെ ഇരുന്ന സാഹര്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്കുള്ളിൽ സമ്മാന ജേതാക്കൾ ടിക്കറ്റ് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുമെന്നും ലോട്ടറി വകുപ്പ് പറയുന്നു. ലോട്ടറി അടിച്ചശേഷം ബംപർ സമ്മാനം വാങ്ങാത്തവരുടെ കണക്ക് വകുപ്പിലില്ല.

10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക. തിരുവനന്തപുരത്താണ് ടിക്കറ്റ് വിറ്റത്. HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 22–ാം തീയതിയായിരുന്നു നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽനിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇവിടെനിന്നും ടിക്കറ്റ് വാങ്ങി വിൽപ്പന നടത്തിയത് രംഗൻ എന്ന ചില്ലറ വിൽപ്പനക്കാരനാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിലും ടിക്കറ്റ് ഹാജരാക്കി തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ ലോട്ടറി ഓഫിസിലോ ഏൽപ്പിക്കണം.

ഒരു ലക്ഷംരൂപയ്ക്കു മുകളിലുള്ള ടിക്കറ്റ് ബാങ്കിൽ സമർപിക്കാൻ ചെയ്യേണ്ടത്:

∙ ടിക്കറ്റിനു പുറകിൽ നിർദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും ഒപ്പും രേഖപ്പെടുത്തിയശേഷം രണ്ടു വശങ്ങളുടേയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമ്മാനാർഹമായ ടിക്കറ്റിനൊപ്പം നൽകണം.

∙ ഭാഗ്യക്കുറി വകുപ്പിൽനിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ടു ഫോട്ടോകള്‍ ഒട്ടിച്ച്, ഫോട്ടോയിൽ ഗസറ്റഡ് ഓഫിസർ ഒപ്പിട്ട്, ഗസറ്റഡ് ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫിസ് സീൽ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കണം. (ഫോം ലോട്ടറി വകുപ്പിന്റെ സൈറ്റിൽ ലഭ്യമാണ്)

∙ സമ്മാനത്തുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാംപിൽ പതിപ്പിച്ച് പൂർണമേൽവിലാസവും സമർപ്പിക്കണം (ഫോം ലോട്ടറി വകുപ്പിന്റെ സൈറ്റിൽ ലഭ്യമാണ്)

∙ ജേതാവിന്റെ പാൻ കാർഡിന്റെയും ആധാർകാർഡിന്റെ ഇരുവശവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. പാൻ കാർഡ് ഇല്ലാത്തവർ മറ്റു രേഖകൾ സമർപ്പിക്കണം. പാൻകാർഡ് ലഭിക്കുമ്പോൾ ഹാജരാക്കണം.

∙ സമ്മാനാർഹൻ പാസ് ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പി സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.

∙ ടിക്കറ്റ് സമർപ്പിക്കാൻ ബാങ്കിനെ ചുമതലപ്പെടുത്തി കൊണ്ടുള്ള അനുവാദക്കത്ത് പേര്, ഒപ്പ്, മേൽവിലാസം എന്നിവ രേഖപ്പെടുത്തി നൽകണം (ഫോം ലോട്ടറി വകുപ്പിന്റെ സൈറ്റിൽ ലഭ്യമാണ്).

∙ ടിക്കറ്റ് സ്വീകരിച്ചതായി വ്യക്തമാക്കിയുള്ള കത്ത് മാനേജരുടെ പേര്, ഒപ്പ്, വിലാസം എന്നിവ രേഖപ്പെടുത്തി ബാങ്ക് സമർപ്പിക്കണം (ഫോം ലോട്ടറി വകുപ്പിന്റെ സൈറ്റിൽ ലഭ്യമാണ്)

നേരിട്ടോ പോസ്റ്റൽ മാർഗമോ സമർപ്പിക്കാൻ:

മുകളിൽ പറഞ്ഞ രീതിയിൽ തിരിച്ചറിയൽ രേഖകളും ബാങ്ക് രേഖകളും നൽകണം. ബാങ്കിനെ ചുമതലപ്പെടുത്തുന്ന അനുവാദ കത്ത് വേണ്ട.

കേരളത്തിനു പുറത്തുള്ളവർ ലോട്ടറി ടിക്കറ്റ് സമർപിക്കാൻ:

ബാങ്കുവഴിയാണ് സമർപിക്കുന്നതെങ്കിൽ മുകളിൽ പറയുന്ന തിരിച്ചറിയൽ രേഖകൾക്കും നടപടിക്രമങ്ങള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം. നേരിട്ടോ പോസ്റ്റൽ മാർഗമോ ആണെങ്കിൽ മുകളിലെ നടപടിക്രമങ്ങൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here