സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കും. വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം സേവനദാതാക്കൾ ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ വർധന ടെലികോം നിരക്കുകളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലാണ് റിലയന്‍സ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്.
വില ഉയർത്തുന്നതോടെ എയർടെലിന് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) 200 രൂപയാകും. ജിയോയ്ക്ക് 185 രൂപയും വോഡഫോൺ–ഐഡിയയ്ക്ക് (വിഐ) 135 രൂപയുമായും വർധിക്കും. ഇക്കൊല്ലം മൊബൈൽ സേവന നിരക്ക് ഉയർത്തേണ്ടിവരുമെന്ന് വോഡഫോൺ–ഐഡിയ (വിഐ) എംഡിയും എയർടെൽ സിഇഒയും അടുത്തയിടയ്ക്ക് സൂചന നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കും. എന്നാൽ നവംബറിൽ കമ്പനി വരുത്തിയ താരിഫ് വർധനയോടുള്ള വിപണിയുടെ പ്രതികരണത്തെ ആശ്രയിച്ചായിരിക്കും പുതിയ നീക്കമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കിയ കാര്യമാണ്.