സാമുദായിക സംഘര്‍ഷം: പ്രതി ഒരാഴ്ച യാത്രക്കാര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് കോടതി

0
267

പ്രയാഗ്രാജ് (യു.പി.): ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണംചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം.

മാര്‍ച്ച് 11 മുതല്‍ ജയിലിലായിരുന്ന ഹാപുര്‍ നവാബിന് ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇങ്ങനെ നിര്‍ദേശിച്ചത്. സൗമനസ്യവും സൗഹാര്‍ദവും സൃഷ്ടിക്കാന്‍ കുടിവെള്ളവും സര്‍ബത്തും സൗജന്യമായി നല്‍കണമെന്ന് കോടതി പറഞ്ഞു.

സഹജീവിസ്‌നേഹമെന്ന മഹാത്മാഗാന്ധിയുടെ തത്ത്വം ഉദ്ബോധിപ്പിച്ച ജസ്റ്റിസ് ഭാനോട്ട് അതാണ് ഇന്ത്യന്‍ധര്‍മത്തിന്റെ അന്തഃസത്തയെന്നും പറഞ്ഞു. വെറുപ്പിന് ഇന്ത്യന്‍ സമൂഹത്തില്‍ സ്ഥാനമില്ല. ഗംഗ-ജമുനി തെഹ്സീബ് (ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആഘോഷം) അതിന്റെ സത്തയിലാണ്, അല്ലാതെ വാക്കുകളിലല്ല പാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജൂണിനുള്ളില്‍ ഏതെങ്കിലുമൊരാഴ്ച ഹാപുരിലെ പൊതുസ്ഥലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളവും സര്‍ബത്തും നല്‍കണമെന്നാണ് പ്രതിക്കുള്ള നിര്‍ദേശം. ഇത് തടസ്സംകൂടാതെയും സമാധാനപൂര്‍വും നടത്തുന്നതിനുവേണ്ട സജ്ജീകരണം ഉറപ്പുവരുത്തണമെന്ന് പോലീസിനോടും പ്രാദേശിക ഭരണകൂടത്തോടും കോടതി നിര്‍ദേശിച്ചു.

മറ്റൊരാളുടെയുള്ളിലെ വെറുപ്പിന് മരണസമയത്തുപോലും മഹാത്മാഗാന്ധിയിലെ സ്‌നേഹക്കടലിനെ മറയ്ക്കാനായില്ലെന്ന് ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു. ”വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ നമ്മുടെ രാഷ്ട്രപിതാവിനെ ഓര്‍ക്കണം. എല്ലാ മതങ്ങളും തേടുന്നതും ഇന്ത്യന്‍ ധര്‍മത്തിന്റെ സത്തയും സഹജീവിസ്‌നേഹമാണെന്ന് തന്റെ ജീവിതത്തിലും മരണത്തിലും ഓര്‍മിപ്പിക്കുന്നു അദ്ദേഹം. ആരുടെയോ വെറുപ്പ് അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി. പക്ഷേ, മനുഷ്യകുലത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെ കെടുത്തിയില്ല. വെടിയുണ്ട അദ്ദേഹത്തിന്റെ ഭൗതികശരീരം തുളച്ചു. പക്ഷേ, അദ്ദേഹത്തിലെ സത്യത്തെ നിശ്ശബ്ദമാക്കിയില്ല” -ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here