തിരുവനന്തപുരം∙ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി.സി. ജോർജിനെ എറണാകുളം എ.ആർ. ക്യാംപിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കോടതി വ്യക്തമാക്കിയിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് കൈപ്പറ്റിയിരുന്നു.
അതേസമയം. ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജിന്റെ മകൻ ഷോണ്‍ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി.സി.ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, പാലാരിവട്ടം സ്റ്റേഷനിൽ പി.സി.ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകർ രംഗത്തെത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പി.സി.ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തരും എത്തി. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കാളും സ്റ്റേഷനിലെത്തിയിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിനു പരാതി നൽകിയത്. തുടർന്ന്, പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇന്ന് ജാമ്യം റദ്ദാക്കിയത്.