പെട്രോള്‍ വിലയ്‌ക്കൊപ്പം കുതിച്ച് തക്കാളി; സെഞ്ച്വറിയും പിന്നിട്ടു

0
222

രാജ്യത്തുടനീളം തക്കാളിക്ക് തീപിടിച്ച വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ കിലോ 100 മുതല്‍ 120 രൂപ വരെ നല്‍കേണ്ടി വരും. മൂന്ന് മടങ്ങിലധികം വര്‍ധനവാണ് പൊടുന്നനെ ഉണ്ടായിരിക്കുന്നത്.

മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കുറച്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്തത് വ്യാപക കൃഷി നാശത്തിന് കാരണമായിട്ടുണ്ട്.

ഡിമാന്റിനനുസരിച്ചുള്ള തക്കാളി വിതരണം ചെയ്യാന്‍ പല ഉല്‍പാദകര്‍ക്കും സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ പഴങ്ങള്‍ക്കും ജയ അരിക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. എന്നാല്‍ സവാള വില ഉയരാത്തത് നേരിയ ആശ്വാസമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here