മംഗളൂരു(www.mediavisionnews.in): മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം മാറ്റിയത് രണ്ട് തവണ. ഇന്നലെ പുലര്‍ച്ചെ 12.45നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ സമയം മാറ്റി വൈകിട്ട് അഞ്ചിന് പുറപ്പെട്ടത്.
പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്. ഉടന്‍ തന്നെ യാത്രക്കാര്‍ക്കു വിമാനക്കമ്പനി സമീപത്തെ ഹോട്ടലില്‍ വിശ്രമ സൗകര്യവും മറ്റും ഒരുക്കി. മംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു പൈലറ്റിനെ നിയോഗിച്ച് രാവിലെ 7.30നു വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തു. അതനുസരിച്ച് യാത്രക്കാര്‍ രാവിലെ ആറിനു വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം വീണ്ടും സമയം മാറ്റി വൈകിട്ട് അഞ്ചിനേ പുറപ്പെടൂ എന്ന അറിയിപ്പു ലഭിക്കുന്നത്. രണ്ടാമത്തെ പൈലറ്റിനും സുഖമില്ലാതായതാണു കാരണം.
ഇതോടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരടക്കം അനവധി യാത്രക്കാര്‍ ദുരിതത്തിലായി. ഒടുവില്‍ മുംബൈയില്‍ നിന്നു മൂന്നാമത്തെ പൈലറ്റിനെ എത്തിച്ചാണ് വിമാനം വൈകിട്ട് അഞ്ചിനു ദുബൈയിലേക്ക് പുറപ്പെട്ടത്.