ലഖ്‌നൗ- രാജ്യത്ത് മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്ന സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) ആവശ്യപ്പെട്ടു.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിക്കും അഭിഭാഷകര്‍ക്കും നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാനും ബോര്‍ഡ് തീരുമാനിച്ചു. ആരാധനാലയങ്ങളെച്ചൊല്ലി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് ദേശീയ പ്രക്ഷോഭം.
കഴിഞ്ഞ ദിവസം രാത്രി ബോര്‍ഡ് വര്‍ക്കിംഗ് കമ്മിറ്റിയുടെ അടിയന്തര വെര്‍ച്വല്‍ യോഗം ചേര്‍ന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തതെന്ന് എഐഎംപിഎല്‍ബി എക്‌സിക്യൂട്ടീവ് അംഗം കാസിം റസൂല്‍ ഇല്യാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആരാധനലായങ്ങളുടെ പദവിയില്‍ മാറ്റം വരുത്തരുതെന്ന 1991 ലെ നിയമം പരസ്യമായി അട്ടിമിറിക്കപ്പെടുകയാണെന്ന് വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഷാഹി മസ്ജിദ് ഈദ്ഗാഹിന്റേയും പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഇല്യാസ് പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങളുടെ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് തല്‍പരകക്ഷികള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും മൗനം പാലിക്കുന്നത് ഖേദകരമാണ്. മതേതര പാര്‍ട്ടികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എല്ലാവരോടും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇല്യാസ് പറഞ്ഞു.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ കീഴ്‌ക്കോടതികള്‍ തീരുമാനമെടുക്കുന്ന രീതി ബോര്‍ഡ് ചര്‍ച്ച ചെയ്തുവെന്നും ഇത് ദൗര്‍ഭാഗ്യകരമായ രീതിയാണെന്നും കോടതികളില്‍നിന്ന് അന്തിമ നീതി ലഭിക്കുമെന്ന പ്രതീക്ഷിക്കുന്ന ജനങ്ങളെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയിലെ ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ബോര്‍ഡിന്റെ ലീഗല്‍ കമ്മിറ്റി പള്ളി പരിപാലിക്കുന്ന കമ്മിറ്റിയേയും അതിന്റെ അഭിഭാഷകരെയും സഹായിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ഇല്യാസ് പറഞ്ഞു.
സമാധാനം നിലനിര്‍ത്താനും കഴിവിന്റെ പരമാവധി നിയമപോരാട്ടം നടത്താനുമാണ് ബോര്‍ഡ് മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളികളുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ തര്‍ക്കങ്ങളുടെയും പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ഇത് ഏതെങ്കിലും സമുദായത്തിന്റെ കാര്യമല്ല, രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ്.
രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍, മതനേതാക്കള്‍, സിവില്‍ സമൂഹം, സാമൂഹിക സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട് സത്യം ബോധ്യപ്പെടുത്താന്‍ ബോര്‍ഡ് മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.