ഹിന്ദുത്വവാദികൾ കടയടിച്ചു തകർത്ത മുസ്ലീം പഴക്കച്ചവടക്കാരനെ ഉദ്ഘാടകനാക്കി സാഹിത്യ മേളയുടെ സംഘാടകര്‍

0
261

ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ മുസ്ലീം പഴക്കച്ചവടക്കാരന്റെ കട അടിച്ചു തകർത്തത് അടുത്തിടെ വലിയ വാർത്തയായിരുന്നു. എന്നാൽ അതേ കച്ചവടക്കാരനെ ഉദ്ഘാടകനായി ക്ഷണിച്ചിരിക്കുകയാണ് മെയ് സാഹിത്യമേള സംഘാടകർ. മെയ് 27, 28 തീയതികളിൽ ദാവൻഗരെയിലെ താജ് പാലസിൽ നടക്കുന്ന എട്ടാമത് മെയ് സാഹിത്യ മേള ഉദ്ഘാടനം ചെയ്യുന്നതിനാണ് ധാർവാഡിലെ നുഗ്ഗിക്കേരി ക്ഷേത്രത്തിനടുത്തുള്ള പഴക്കച്ചവടക്കാരനായ നബിസാബ് കില്ലേദാറിനെ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന്റെ കട ഹിന്ദുത്വവാദികൾ അടിച്ചു തകർത്തത്.

പരിപാടിയുടെ ഉദ്ഘാടനത്തിന് നബിസാബിനെ കൂടാതെ ഒരു കർഷകൻ, ബീഡിത്തൊഴിലാളിയായ ഒരു സ്ത്രീ, ഒരു വനിതാ പുരോഹിത എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തിൽ മതസൗഹാർദം വളർത്തുക, ന്യൂനപക്ഷങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളെ അപലപിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, കോവിഡ് മഹാമാരി കാരണം മേള ഓൺലൈനായാണ് നടന്നിരുന്നത്. എന്നാൽ ഈ വർഷം മേള പതിവ് പോലെ നടത്താനാണ് പദ്ധതി.

ലഡായി പ്രകാശന, കവി പ്രകാശന കവലക്കി, ചിറ്റാര കലാ ബലഗ ധാർവാഡ്, എംഎസ്എം ബലഗ ദാവൻഗെരെ തുടങ്ങിയ നിരവധി സംഘടനകൾ മേളയുടെ നടത്തിപ്പിൽ പങ്കാളികളാണെന്ന് സംഘാടകരായ ബസവരാജ് സുലിഭാവിയും ബി ശ്രീനിവാസയും പറഞ്ഞു.

ധാർവാഡിൽ മുസ്ലീം കച്ചവടക്കാരനെ ആക്രമിച്ചതുൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർത്തതായി സംഘാടകർ പറഞ്ഞു. സാമുദായിക സൗഹാർദത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് വിവിധ സമുദായങ്ങളിൽ നിന്നും വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നുമുള്ള ആളുകളെ ഞങ്ങൾ ക്ഷണിച്ചിരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, കലാകാരന്മാർ, മറ്റ് സംഘടനകൾ എന്നിവർ ചേർന്നാണ് രണ്ട് ദിവസത്തെ പരിപാടിയുടെ ചെലവ് വഹിക്കുന്നത്. ഏകദേശം 4-5 ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ പരിപാടിയുടെ നടത്തിപ്പിനായി വേണ്ടിവരുന്നതെന്ന് സംഘാടകരായ ഹെഗ്ഗെരെ രംഗപ്പയും സനാവുല്ല നാവിലേഹലും പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു, എൽ കെ അദ്വാനിയുടെ മുൻ തന്ത്രജ്ഞനായ സുധീന്ദ്ര കുൽക്കർണി, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ ഡൽഹി സെക്രട്ടറി കവിത കൃഷ്ണൻ ഉൾപ്പെടെയുള്ളവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശസ്ത നോവലിസ്റ്റ് കം വീരഭദ്രപ്പ, കവി മൂഡനാകുഡ ചിന്നസ്വാമി എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിക്കുകയും വിവിധ മേഖലകളിൽ നേട്ടം കരസ്ഥമാക്കിയവർക്ക് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും.

കഴിഞ്ഞ 15 വർഷമായി ക്ഷേത്രപരിസരത്ത് പഴക്കച്ചവടം നടത്തിയിരുന്ന വ്യക്തിയായിരുന്നു നബിസാബ്. നബിസാബിനെതിരെയുള്ള ആക്രമണത്തിൽ ധാർവാഡ് റൂറൽ പൊലീസ് എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here