തിരുവനന്തപുരം: കെ.എസ്.ഇ. ബി സർവെയിൽ പങ്കെടുത്ത് 15 ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ റെഡിയാണോ? എങ്കിൽ കെ.എസ്.എ.ബി തരും അരലക്ഷം, കാൽലക്ഷം രൂപ സമ്മാനം. ജനാഭിലാഷമറിഞ്ഞ് സ്മാർട്ടാകാൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഓൺലൈനായി ഉപഭോക്താക്കളുടെ സർവ്വേ നടത്തുന്നത്.
കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സർവ്വേ. രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് സൈറ്റിൽ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താൻ കഴിയും.വൈദ്യുതി വിതരണം, പരാതി പരിഹരിക്കൽ, ഓൺലൈൻ പണമടയ്ക്കൽ, വാതിൽപ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൗരോർജ്ജ പദ്ധതി, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുളള 15 ചോദ്യങ്ങളാണ് ഈ സർവ്വേയിലുള്ളത്. വൈദ്യുതി സേവനം മെച്ചപ്പെടുത്താനുളള നിർദ്ദേശങ്ങളും രേഖപ്പെടുത്താം. ഉപഭോക്താക്കൾക്ക് ജൂൺ ആദ്യവാരം വരെ അഭിപ്രായം അറിയിക്കാം.
ചോദ്യാവലി തെറ്റ് കൂടാതെ പൂർണ്ണമായും പൂരിപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് സംസ്ഥാനവ്യാപകമായി നടത്തുന്ന മെഗാനറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് 50,000 രൂപയും രണ്ട് രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപ വീതവും സമ്മാനം നൽകും. ഇതുകൂടാതെ ഓരോ വിതരണ ഡിവിഷനിലും നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയിക്ക് 1000 രൂപ സമ്മാനവും നൽകും.