കോഴിക്കോട്: തലസ്ഥാനത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിൽ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജിന് ജമാഅത്തെ ഇസ്ളാമി കേരളാ ഘടകം വക്കീൽ നോട്ടീസയച്ചു. കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിൽ ജമാഅത്തെ ഇസ്ളാമിയ്‌ക്ക് പങ്കുണ്ടെന്ന പരാമർശം നടത്തിയതിനെതിരെയാണ് സംഘടന വക്കീൽ നോട്ടീസയച്ചത്.
സംഘടന ഇന്നുവരെ ഒരു കൊലക്കേസിലോ, ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല. ജോർജിന്റെ പരാമർശങ്ങൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി രാഷ്‌ട്രീയനേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുളളതാണ്. ഒപ്പം ജമാഅത്തെ ഇസ്ളാമിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുമാണ്. പ്രസ്‌താവന പിൻവലിച്ച് ജോർജ് നിരുപാധികം മാപ്പ് പറയണം. അൻപത് ലക്ഷം രൂപ നഷ്‌ടപരിഹാരവും നൽകണമെന്നാണ് അഡ്വ. അമീൻ ഹസൻ വഴി ജമാഅത്തെ ഇസ്ളാമി ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമി കൊലപാതക രാഷ്‌ട്രീയം നിർത്തണം എന്നതായിരുന്നു ജോർജിന്റെ പ്രസംഗത്തിൽ പരാമർശിച്ചത്.