മുംബൈ∙ അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ പൂട്ടാനൊരുങ്ങി നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). മുംബൈയിലെ ദാവൂദിന്റെ കൂട്ടാളികളുടേത് ഉൾപ്പെടെ 20 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ബാന്ദ്ര, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ റിയൽ എസ്റ്റേറ്റ് മാനേജർമാർ, ഷാർപ്പ് ഷൂട്ടർമാർ, ലഹരി കടത്തുകാർ, ഹവാല ഇടപാടുകാർ, ക്രിമിനൽ സംഘത്തിലെ മറ്റു നിർണായക ചുമതലയിലുള്ളവർ തുടങ്ങിയവരെ ഉന്നമിട്ടായിരുന്നു റെയ്ഡ്.
ഇന്ത്യയിൽ അസ്ഥിരത സൃഷ്ടിക്കുന്നതിനായി സംഘടിത കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുന്നുവെന്നു കാട്ടി ഡി കമ്പനിയുടെ ഉന്നത നേതൃത്വത്തിൽ ഉള്ളവർക്കെതിരെ ഉൾപ്പെടെ എൻഐഎ ഫെബ്രുവരിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട പലരും നിലവിൽ വിദേശത്താണ്. ഇവർക്കെതിരെ യുഎപിഎ നിയമവും ചുമത്തിയിട്ടുണ്ട്.
2003ൽ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയും യുഎസും ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 1993ലെ ബോംബെ സ്ഫോടനക്കേസിനെ തുടർന്നാണിത്. 25 ദശലക്ഷം യുഎസ് ഡോളറാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. അടുത്തിടെ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽനിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ സർക്കാരും ദാവൂദിനും മറ്റ് 87 പേർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.