ലാഹോര്‍: പാക്കിസ്ഥാനിൽ ദുരഭിമാന കൊല. പഞ്ചാബ് പ്രവിശ്യയിൽ നൃത്തവും മോഡലിംഗും തന്‍റെ കരിയറാക്കിയ 21 കാരിയെയാണ് സഹോദരൻ വെടിവച്ചു കൊലപ്പെടുത്തിയത്. ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും, ഫൈസലാബാദ് നഗരത്തിലെ തിയേറ്ററില്‍ നൃത്ത പരിപാടിയില്‍ പങ്കെടുത്തതുമാണ് സിദ്ര കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറഞ്ഞു.
“തങ്ങളുടെ കുടുംബത്തിന്‍റെ അന്തസിന് ചേര്‍ന്നതല്ല” എന്ന് പറഞ്ഞ് സിദ്രയുടെ മാതാപിതാക്കൾ അവളെ തൊഴിൽ ഉപേക്ഷിക്കാൻ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാൻ ഫൈസലാബാദിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു സിദ്ര. വ്യാഴാഴ്ച, മാതാപിതാക്കളും സഹോദരൻ ഹംസയും അവളുടെ തൊഴിലിലെ മാന്യതയുടെ പ്രശ്നത്തെ ചൊല്ലി അവളുമായി തർക്കിക്കുകയും തന്‍റെ ജോലിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞതിന് അവളെ മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട്, ഹംസ സിദ്രയ്ക്ക് നേരെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. സിദ്ര സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുറ്റം സമ്മതിച്ച ഹംസയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഹംസയുടെ സുഹൃത്തും, കുടുംബത്തിന്‍റെ ബന്ധുവുമായ ഒരാളുടെ മൊബൈൽ ഫോണിൽ സിദ്രയുടെ നൃത്തപരിപാടി ഹംസയെ കാണിച്ചത്. ഇതില്‍ പ്രകോപിതനായാണ് വീട്ടില്‍ വഴക്ക് ആരംഭിച്ചതെന്നാണ് സ്ഥലത്തെ പോലീസ് ഓഫീസർ ഫ്രാസ് ഹമീദ് പറയുന്നത്.
വീഡിയോ കണ്ട കോപത്തിലാണ് താൻ സഹോദരിയെ വെടിവെച്ച് കൊന്നതെന്ന് ഹംസ പോലീസിനോട് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ ഫൈസലാബാദിൽ 19 കാരിയായ നർത്തകി ആയിഷയെ മുൻ ഭർത്താവ് വെടിവച്ചു കൊന്നിരുന്നു.