‘യുഎഇ ഷെയ്ഖിനെ വിളിച്ച് മോദിജി 10,000 ഹജ്ജ് സീറ്റുകൾ വാങ്ങിച്ചു’; അബ്ദുള്ളക്കുട്ടിയെ ട്രോളി സോഷ്യല്‍ മീഡിയ

0
364

കോഴിക്കോട്: യുഎഇ ഷെയ്ഖിനെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി അധിക ഹജ്ജ് സീറ്റുകള്‍ വാങ്ങിച്ചെന്ന ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗത്തെ ട്രോളി സമൂഹ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്  ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്‍റുമായ അബ്ദുള്ളക്കുട്ടി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ച് 10000 അധിക ഹജ്ജ് സീറ്റുകള്‍ നേടിയെടുത്തുവെന്ന് പറഞ്ഞത്.

‘രാജ്യത്ത് നിന്നും ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂടി. അപേക്ഷകള്‍ വളരെ അധികം കൂടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ ഫോണില്‍ വിളിച്ചു. ഞങ്ങള്‍ക്ക് 1.90 ലക്ഷം സീറ്റുകള്‍ പോര, കുറച്ച് കൂടി സീറ്റുകള്‍ നല്‍കണമെന്ന് മോദിജി ആവശ്യപ്പെട്ടു. അങ്ങനെ പ്രധാനമന്ത്രി ഇടപെട്ട് 10,000 അധിക സീറ്റുകള്‍ വാങ്ങിച്ചു’- അബ്ദുള്ളക്കുട്ടി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് അധിക ഹജ്ജ് സീറ്റുകള്‍ നല്‍കില്ലെന്നും മോദി തീരുമാനമെടുത്തു. പകരം തീര്‍ത്ഥാടകരെ സര്‍ക്കാര്‍ ക്വാട്ടയില്‍ കൊണ്ടുപോകാനാണ് പ്രധാനമന്ത്രി ആലോചിച്ചത്. എന്നാല്‍ അപേക്ഷ നല്‍കിയവരെ കൊണ്ടു പോകാന്‍ വിമാനങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാമന്ത്രിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോകാനായി സ്വകാര്യ ഏജന്‍സികള്‍ തയ്യാറായി. പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഹജ്ജിന് പോകാനും പ്രാര്‍ത്ഥന നടത്താനും സഹായം നല്‍കിയ മഹാനായ നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളയുര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കം പരിഹാസവുമായി രംഗത്തെത്തി.’സൗദിയിലെ മക്കയിൽ നടക്കുന്ന ഹജ്ജ്‌ കർമ്മത്തിനു വേണ്ടി യു എ ഇ ഷൈക്കിനെ വിളിച്ച്‌ എണ്ണം കൂട്ടാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ’- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് അബ്ദുള്ളക്കുട്ടിയെ ട്രോളി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here