ഇത് കേരളമാണ്, ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും പരസ്പരം സ്‌നേഹത്തോടെയും ഒരുമയോടെയും കഴിയുന്ന നാട്. ആരൊക്കെ ശ്രമിച്ചാലും വർഗീയതയുടെ വിത്ത് ഇവിടെ വളരില്ല. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കരുനാഗപ്പള്ളി വെറ്റമുക്ക് മസ്‌ജിദ് തഖ്‌വയിൽ ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്. ബാങ്കുവിളി കേട്ടതോടെ വാദ്യമേളങ്ങൾ നിർത്തി, ആദരവോടെ പള്ളിയെ നോക്കി നടന്നുപോകുന്ന ജനങ്ങളാണ് വീഡിയോയിലുള്ളത്. ട്രോൾ കരുനാഗപ്പള്ളി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വെറ്റമുക്ക് മസ്ജിദ് തഖ് വയിൽ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയിൽ നിന്ന് വാങ്ക് വിളി കേട്ടപ്പോൾ അമ്മമാരും കുട്ടികളുമടക്കമുള്ളവർ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി ആദരവോടെ, ചിലർ പള്ളിയെ നോക്കി തൊഴുകയ്യോടെ നടന്ന് നീങ്ങുന്ന കാഴ്ച എല്ലാവരുടെയും ഹൃദയം കവർന്നു. മനസ്സിൽ ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്..
വർഗീയതയ്ക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്നേഹവും സൗഹൃദവും തല്ലിക്കെടുത്താൻ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ച.
നോമ്പ് 30 പൂർത്തിയാക്കി പരസ്പര സ്നേഹ ബഹുമാനത്തോടെ സൗഹാർദ്ദത്തിൻ്റെ സന്ദേശം പകർന്ന് നൽകുന്ന ഇത്തരം മനുഷ്യരുള്ള നാട്ടിൽ ആർക്കാണ് വർഗീയത ചിന്തിക്കാൻ കഴിയുക…
ഏവർക്കും ഈദ് ആശംസകൾ